
തൃശ്ശൂര്‍ : കയ്പമംഗലത്ത് കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങള്‍ അബ്ദുല്‍ റസാക്കിന്റെ മകന്‍ ഹാരിസ് (19) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം.ചളിങ്ങാട് നബിദിന ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ കണ്ട് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.

ഇവരെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ എആര്‍ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അര്‍ജുന്‍, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
