കണ്ണൂരില്‍ ബസ് ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ടുപേര്‍ വെന്ത് മരിച്ചു. പാറാല്‍ സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് മരിച്ചത്.കൂത്തുപറമ്പിനടുത്ത് മൈതാന പള്ളിയില്‍ കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. ഓട്ടോയുടെ സിഎന്‍ജി ടാങ്കില്‍ ചോര്‍ച്ച ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ രാത്രി 8:45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
തലശ്ശേരിയില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന എം ഫോര്‍ സിക്‌സ് എന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തലകീഴായി മറിഞ്ഞു. പിന്നാലെ ഓട്ടോയില്‍ നിന്ന് തീ ഉയര്‍ന്നു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേരാണ് വെന്ത് മരിച്ചത്. പാറാല്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അഭിലാഷ്, യാത്രക്കാരനായ സജീഷ് എന്നിവരാണ് മരിച്ചത്.ഓട്ടോയില്‍ നിന്ന് വലിയ രീതിയില്‍ തീ ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.














