കോട്ടയം: പാലായില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ വനിത കായിക താരത്തോട് മോശമായി പെരുമാറിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗം സജീവ് കണ്ടത്തില്‍, പ്രകാശന്‍ എന്നിവരാണ് അറസ്റ്റിലായത്. പാലാ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇരുവര്‍ക്കുമെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണി മുഴക്കിയതിനും ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പോലീസ് അറിയിച്ചു.വരുന്ന തലമുറയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താന്‍ പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് വനിതാ കായികതാരം സംഭവത്തോട് പ്രതികരിച്ചു.

കായിക താരങ്ങള്‍ക്കുള്ള ട്രാക്കിലൂടെ മാനേജിങ് കമ്മിറ്റി അംഗവും ഒപ്പമുണ്ടായിരുന്നയാളും നടന്ന് താരത്തിന്റെ പരിശീലനം മുടക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് താരത്തിന് വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.
പാലാ മുന്‍സിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ നഗരസഭാ അംഗങ്ങള്‍ താരത്തിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തി. ഇയാള്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് താരവും ഒപ്പമുള്ളവരും അറിയിച്ചു.














