ഭിന്നലിംഗക്കാര്‍ക്ക് ജോലി: വിപ്ലവകരമായ തീരുമാനവുമായി കൊച്ചി മെട്രോ


untitled-1_572297നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) തീരുമാനിച്ചു.എം.ഡി. ഏലിയാസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള കെ.എം.ആര്‍.എല്ലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്.കൊച്ചി സിറ്റി പൊലീസ് പൊലീസ് കമീഷണര്‍ എം പി ദിനേശും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ഏലിയാസ് ജോര്‍ജും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ കൊച്ചി മെട്രോ സിറ്റി പൊലീസിനോട് ആവശ്യപ്പെട്ടു. ഭിന്നലിംഗവിഭാഗക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഇവരെ ഉള്‍കൊള്ളിക്കാന്‍ കഴിയുന്ന ജോലികളുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് പൊലീസ് കമീഷണര്‍ അറിയിച്ചു. ജോലിക്കാവശ്യമായ സാങ്കേതിക, തൊഴില്‍ പരിശീലനം പൊലീസ് തന്നെ ഇവര്‍ക്കു നല്‍കും.പോലീസിന്റെ കൈവശമുള്ള കണക്കുകള്‍ പ്രകാരം 176 ഭിന്നലിംഗക്കാരുടെ പേരുവിവരങ്ങളാണ് അറിയാവുന്നത്. ഇവരില്‍നിന്ന് വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ജോലി നല്‍കുക.ഭിന്നലിംഗക്കാര്‍തമ്മിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് കഴിഞ്ഞദിവസം പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ കൊച്ചിയിലെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് ഭിന്നലിംഗവിഭാഗത്തില്‍പെടുന്നവര്‍ നിലനില്‍പിനായി കമീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി. തൊഴിലില്ലായ്മയാണ് തങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമെന്ന് സംഘടനാ പ്രതിനിധികള്‍ പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സാധ്യത തേടിയത്.




Sharing is Caring