വെസ്റ്റ്‌ഇന്‍ഡീസിനെതിരായ ഏകദിന പരമ്ബരയില്‍ ഇന്ത്യയുടെ ആദ്യമത്സരം ഇന്ന് . ടെസ്‌റ്റ് പരമ്ബര സ്വന്തമാക്കിയ രോഹിത് ശര്‍മയും കൂട്ടരും ഏകദിന പരമ്ബരയും പിടിയിലൊതുക്കാനാണ് ലക്ഷ്യമിടുന്നത്.
മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയേക്കും. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകകപ്പാണ് മുന്നില്‍. ലോകകപ്പ് മുന്നൊരുക്കങ്ങളാണ് വിൻഡീസിനെതിരായ പരമ്ബരയിലൂടെ തുടക്കമിടുന്നത്. ആരൊക്കെ ടീമില്‍ വേണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിൻഡീസ് പരമ്ബര മുതല്‍ ആലോചിച്ച് തുടങ്ങും. അതേസമയം ലോകകപ്പിന് യോഗ്യത ലഭിക്കാത്ത വിൻഡീസിന് ഈ ഏകദിന പരമ്ബരകൊണ്ട് വലിയ നേട്ടങ്ങളൊന്നും ഇല്ല.

ടെസ്റ്റില്‍ ഏറ്റ തോല്‍വിയില്‍ നിന്ന് കരകയറുക എന്നത് മാത്രമാകും അവരുടെ ചിന്ത. ശേഷം നടക്കുന്ന ടി20 പരമ്ബരയിലാകും വിൻഡീസ് കണ്ണുവെക്കുക. മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യൻ ടീമില്‍ ആരൊക്കെ വരും എന്ന് ഉറപ്പില്ല. സൂര്യകുമാര്‍ യാദവ് ഐപിഎല്ലില്‍ ഫോം വീണ്ടെടുത്തെങ്കിലും അവസാന ഏകദിന പരമ്ബര താരത്തിന് നിരാശയായിരുന്നു. എന്നാല്‍ ശ്രേയസ് അയ്യറിന്റെ അഭാവത്തില്‍ സൂര്യകുമാറിന് ഇടംലഭിച്ചേക്കും. വിക്കറ്റ് കീപ്പറുടെ കാര്യത്തിലാണ് ഇന്ത്യക്ക് സംശയമുള്ളത്.
സഞ്ജുവിന് പുറമെ ഇഷൻ കിഷൻ കൂടിയുണ്ട്. ഒന്നാം വിക്കറ്റ് കീപ്പര്‍ ഓപ്ഷനായി ആരു വരും എന്നത് ഇപ്പോഴും വ്യക്തമല്ല. ടെസ്റ്റിലെ ഫോം തുടരട്ടെ എന്ന് തീരുമാനിച്ചാല്‍ ഇഷൻ കിഷനായിരിക്കും സാധ്യത. അഞ്ച് പേസര്‍മാര്‍ ഇന്ത്യൻ നിരയിലുണ്ട്.
ഇന്ത്യൻ ടീം സാധ്യതാ ഇലവൻ ഇങ്ങനെ; രോഹിത് ശര്‍മ്മ (നായകന്‍), ശുഭ്മാൻ ഗില്‍, വിരാട് കോഹ്‌ലി, ഇഷാൻ കിഷൻ/സഞ്ജു സാംസണ്‍ (വിക്കറ്റ്കീപ്പര്‍മാര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉംറാൻ മാലിക്, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട്ട്/മുകേഷ് കുമാര്‍













