ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു;വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും വെളിപ്പെടുത്തൽ നടത്തി തിരൂര്‍ സതീഷ്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും തിരൂർ സതീഷ് പറഞ്ഞു. ഭിന്നതകൾ രൂക്ഷമായ ബിജെപിയിൽ പുതിയ വെളിപ്പെടുത്തൽ തലവേദനയായി മാറുകയാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പത് കോടി ആറു ചാക്കുകൾ ആയി കൊണ്ടുവന്നു എന്നതായിരുന്നു തന്‍റെ മൊഴിയെന്നും വെളിപ്പെടുത്തലിന്‍റെ അനുബന്ധ രേഖകൾ തൽക്കാലം പ്രദർശിപ്പിക്കുന്നില്ലെന്നും തിരൂർ സതീഷ് പറഞ്ഞു.

അത് പൊലീസ് അന്വേഷണത്തെ ബാധിക്കുമെന്നും തിരൂർ സതീഷ് പറഞ്ഞു.കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണം സൂക്ഷിച്ചു. പ്രധാനമന്ത്രി പറയുന്നത് അനുസരിച്ചാണെങ്കിൽ കള്ളപ്പണം സൂക്ഷിച്ച ജില്ലാ കമ്മിറ്റിയാണ് പിരിച്ചു വേണ്ടത് ഞാൻ ഇതുവരെ കൊണ്ടുവന്ന ഒമ്പത് ചാക്കിൽ മൂന്ന് ചാക്ക് ജില്ലാ ട്രഷറർ മൂന്നുപേർക്ക് കൈമാറി. എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ല. ധർമ്മരാജൻ പണം എത്തിച്ച ദിവസം തന്നെയാണ് മൂന്നു ചാക്കുകൾ ഓഫീസിൽ നിന്ന് കൊണ്ടുപോയത്.

ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ, ജനറൽ സെക്രട്ടറി കെ ആർ ഹരി, സുജേഷ് സേനൻ എന്നിവരാണ് എല്ലാ കള്ളപ്പണ ഇടപാടുകൾക്കും നേതൃത്വം കൊടുത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഒന്നരക്കോടി രൂപ ഒരു ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയി. ഒരുമാസത്തിനുശേഷം ആയിരുന്നു ഇത് നടന്നത്. ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാറിന്‍റെ കാറിലായിരുന്നു ഒന്നരക്കോടി കൊണ്ടുപോയത്. ഹരിയും സുജേഷ് സേനനും ഒപ്പം ഉണ്ടായിരുന്നുവെന്നും തിരൂർ സതീഷ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *