പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു


ഇതിഹാസ ചിത്രം പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. പൊന്നിയന്‍ സെല്‍വന്റെ പുറത്തുവരുന്ന ഓരോ വിശേഷങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് മുതല്‍ കഥയുടെ പൂര്‍ണരൂപം അറിയാന്‍ പ്രേക്ഷകര്‍ ആകാംഷാഭരിതരാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുവെന്ന വിവരം പുറത്ത് വന്നത്.


ജനശ്രദ്ധ നേടിയ പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28-ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.അടുത്തിടെ പൊന്നിയിന്‍ സെല്‍വനിലെ ഗാനം പുറത്ത് വന്നിരുന്നു. അതിന് വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളായ ‘ആദിത്യ കരികാലന്റെ’യും ‘നന്ദിനി’യുടെയും കുട്ടിക്കാലം ദൃശ്യവത്കരിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നത്. ഇളങ്കോ കൃഷ്ണന്റെ വരികള്‍ക്ക് ഹരിചരണാണ് സംഗീതം നല്‍കിയത്. നേരത്തെ പുറത്ത് വിട്ട ശക്തിശ്രീ ഗോപാലന്‍ ആലപിച്ച ‘വീര രാജ വീര’ എന്ന ഗാനം വമ്ബന്‍ ഹിറ്റായിരുന്നു.


സത്യപ്രകാശ്, ഡോ. നാരായണന്‍, ശ്രീകാന്ത് ഹരിഹരന്‍, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെന്‍ബഗരാജ്, ടി എസ് അയ്യപ്പന്‍ എന്നിവര്‍ ആലപിച്ച ‘ശിവോഹം’ എന്ന ഗാനവും വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ജയം രവി, ജയറാം, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ത്രിഷ, ഐശ്വര്യാ റായ്, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ അഭിനേതാക്കളുടെ നീണ്ടനിരയാണ് ചിത്രത്തിലുള്ളത്. തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.



Sharing is Caring