തെക്കേഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ;തൃശൂർ പൂരത്തിന് തുടക്കം.

തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നെത്തി. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്.

രാവിലെ എട്ട് മണിയോടെ നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങി. എറണാകുളം ശിവകുമാറെന്ന കൊമ്പനാണ് തിടമ്പേറ്റിയത്.
വടക്കുംനാഥക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ ദേവിയെ കാത്തുനിന്നത് നൂറുകണക്കിനാളുകൾ. വാദ്യഘോഷങ്ങളുടെ അകമ്പടിയിലാണ് നെയ്തലക്കാവ് ഭഗവതി തട്ടകംവിട്ടിറങ്ങിയത്. മണികണ്ഠനാലിൽ എത്തിയത് പതിനൊന്ന് മണിയോടെ. ഗണപതിക്ഷേത്രത്തിനടുത്തുനിന്നും മേളം തുടങ്ങി.

മേളത്തിന്റെ അകമ്പടിയിൽ മണിക്ഠനാലിൽ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക്. അവിടെനിന്നും പടിഞ്ഞാറേ ഗോപുരം വഴി വടക്കുംനാഥ സന്നിധിയിലേക്ക്. എല്ലാ കണ്ണുകളും തെക്കേ ഗോപുര നടയിലേക്ക്. എറണാകുളം ശിവകുമാറിന്റെ പുറമേറി നെയ്തലക്കാവ് ഭഗവതി തെക്കേ നടതുറന്നു. ആരവങ്ങളോടെ ദേശം പൂരത്തിന്റെ വിളംബരമറിയിച്ചു. ഈ ആരവത്തെ സാക്ഷിയാക്കി നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരം തുറന്ന് കടന്നുപോകുന്നു…. തൃശൂർ പൂര ലഹരിയിലമരുന്നു….

നാളെ പുലർച്ചെ ഇതേ ഗോപുരത്തിലൂടെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ തൃശൂർ പൂരത്തിന് നാന്ദികുറിക്കും. നാളെയാണ് തൃശൂർ പൂരം. കൊവിഡ് മഹാമാരി സൃഷ്ടിച്ച രണ്ടാണ്ടുകൾക്ക് ശേഷമാണ് പൂരം പൂർണതോതിൽ നടക്കുന്നതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *