സുഗന്ധഗിരി മരംമുറിക്കൽ കേസിൽ മൂന്നു ഉദ്യോഗസ്ഥരെ സസ്‌ പെൻഡ് ചെയ്തു

വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌ പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്‌പെൻഷൻ. DFO എം ഷജ്‌ന കരീം, ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്. മുപ്പതോളം ജീവനക്കാർ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന പ്രദേശത്താണ് വനംകൊള്ള. സുഗന്ധഗിരിയിൽ ഭൂരഹിതരായ ആദിവാസികൾക്ക് 5 ഏക്കർ വീതം പതിച്ചു കൊടുക്കാൻ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് മരം കൊള്ള നടന്നത്.

വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു, മേൽനോട്ട ചുമതലകളിൽ വീഴ്ച വരുത്തി, മരം മുറി പരിശോധന നടത്തിയില്ല, കർശന നടപടി ആദ്യം സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥർ മരം മുറിക്കാരിൽ നിന്നും പണം വാങ്ങി എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തൽ.വീട്ടി അടക്കമുള്ള സംരക്ഷിതമരങ്ങൾ മുറിച്ചുനീക്കിയവയിൽ ഉൾപ്പെടുന്നില്ല.

വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ ആറ് പ്രതികളാണുള്ളത്. മരത്തടികൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വനംവകുപ്പുദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, വാച്ചറും സുഗന്ധഗിരി സ്വദേശിയുമായ ബാലൻ എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *