
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവങ്ങളിൽ ജില്ലയിൽ മൂന്നു പേർ അറസ്റ്റിൽ. നല്ലളം സ്വദേശി കാവിലേടത്ത് പറമ്പിൽ മുഹമ്മദ് റാഷിദ് (21), പൂനൂർ മാങ്ങാട് സ്വദേശി കുന്നുമ്മൽ ചന്ദ്രൻ (49), കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി നോപുര വീട്ടിൽ സജിത്ത് (46) എന്നിവരാണ് പിടിയിലായത്.
2024 ഡിസംബറിലാണ് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ വെച്ചും അരക്കിണറിലുള്ള വീടിന് സമീപം വെച്ചും മുഹമ്മദ് റാഷിദ് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. പിന്നീട് അതിജീവിതയുടെ മോർഫ് ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവൻ സ്വർണ കമ്മലുകളും പ്രതി കൈക്കലാക്കി.

പോക്സോ നിയമ പ്രകാരം ബേപ്പൂർ പൊലീസാണ് നല്ലളത്ത് വെച്ച് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ജൂൺ പത്തിനാണ് സ്കൂളിലേക്ക് ബസിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയോട് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയത്. എരഞ്ഞിപ്പാലത്ത് വെച്ചായിരുന്നു സംഭവം. നടക്കാവ് പൊലീസ് എരഞ്ഞിപ്പാലത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാർച്ച് പത്തിനാണ് സ്കൂൾ വിട്ട് ബസിൽ വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയോട് വട്ടക്കിണറിൽ വെച്ച് സജിത്ത് ലൈംഗികാതിക്രമം നടത്തിയത്. ബസിറങ്ങി വീട്ടിലേക്ക് നടന്നുപോയ പെൺകുട്ടിയെ പിന്തുടർന്ന പ്രതി അശ്ലീല ചുവയോടെ സംസാരിച്ചെന്നും പരാതിയുണ്ട്. ബേപ്പൂർ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
