തോരായിക്കടവ് പാലം ടെണ്ടർ ചെയ്തു.

കൊയിലാണ്ടി:  കാത്തിരുപ്പുകൾക്ക് ശേഷം തോരായിക്കടവ് പാലം ടെണ്ടർ ചെയ്തു.  കൊയിലാണ്ടി -ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലം കേരള റോഡ്സ് ഫണ്ട് ഡെവലപ്മെന്റ് ബോർഡ് തിരുവനന്തപുരം ഓഫീസിൽ നിന്നും ടെണ്ടർ ചെയ്തതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. ഫെബ്രുവരി 24 വരെ ടെണ്ടറിൽ പങ്കെടുക്കാനവസരമുണ്ട്.  ദേശീയ ജലപാതയ്ക്ക് വേണ്ടി പാലത്തിന്റെ സെന്റർ സ്പാനിൽ വരുത്തിയ മാറ്റം കാരണം നേരെത്തെ തയ്യാറാക്കിയ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യേണ്ടി വന്നു.   ഭേദഗതി പ്രകാരം ആവശ്യമായിവന്ന അധിക തുകയ്ക്ക്  വീണ്ടും കിഫ്ബിയിൽ നിന്നും സാമ്പത്തികാനുമതി തേടേണ്ടി വന്നു.  ഈ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനെടുത്ത  കുറഞ്ഞ കാലതാമസമൊഴിച്ചാൽ മണ്ഡലത്തിൽ പൂർണ്ണമായും കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്നതും വേഗത്തിൽ ടെണ്ടറിലേക്ക് എത്തിയതുമായ ആദ്യത്തെ പാലമാണ് തോരായിക്കടവ് പാലം.
പാലത്തിന്റെ ആകെ നീളം 265 മീറ്ററാണ്.  ഇരുഭാഗത്തും ഒന്നര മീറ്റർ നടപ്പാതയുൾപ്പെടെ  12 മീറ്ററാണ് ആകെ വീതി.    21 കോടി 61 ലക്ഷം രൂപയാണ് ഭൂമിയേറ്റെടുക്കലിനുൾപ്പെടെ നിർമാണ ചെലവായി കണക്കാക്കിയിരിക്കുന്നത്.  8 തൂണുകളിലായി ആകെ 9 സ്പാനുകൾ  ഉണ്ടാകും.  ഇതിൽ 8 സ്പാനുകൾക്ക് ശരാശരി 26 മീറ്റർ നീളമുണ്ടാവും.  മധ്യഭാഗത്തെ സ്പാനിന് ദേശീയ ജലപാത കടന്നു പോകുന്നതിനാൽ 50 മീറ്റർ നീളവും ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരവുമുണ്ടാവും.
പാലം യാഥാർത്ഥ്യമാവുന്നതോടെ പൂക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് – കുറ്റ്യാടി  സംസ്ഥാന പാതയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. തിരിച്ച് ദേശീയ പാതയിലേക്കും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാം

Spread the love

Leave a Reply

Your email address will not be published. Required fields are marked *