ശ്രീ കാടാമ്പുഴ ഭഗവതീ ക്ഷേത്രം ഈ വർഷത്തെ തൃക്കാർത്തിക പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത സംഗീത സംവിധായകനും ഗായകനും അഭിനേതാവുമായ പി എസ് വിദ്യാധരൻ മാസ്റ്റർക്കാണ് ഈ വർഷം പുരസ്കാരം സമ്മാനിയ്ക്കുന്നത്.നവംബർ 21 ചൊവ്വാഴ്ച ക്ഷേത്ര പരിസരത്ത് വെച്ച് തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാ സാംസ്കാരിക സമ്മേളനത്തിൽ 25,000 രൂപയും ദാരു ശില്പവുമടങ്ങിയ പുരസ്കാരം അദ്ദേഹത്തിനു സമ്മാനിക്കും.
നവംബർ 21 മുതൽ ആരംഭിക്കുന്ന തൃക്കാർത്തിക മഹോത്സവം ഒരാഴ്ച നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന കലാ സംഗമങ്ങളോടെ നവംബർ 27 തിങ്കളാഴ്ച്ച അവസാനിയ്ക്കും. തിങ്കളാഴ്ച പുലർച്ചെ 3 ന് ക്ഷേത്ര നടയിൽ തൃക്കാർത്തിക ദീപം തെളിയിക്കും. രാവിലെ 10 മണിയോടെ പിറന്നാൾ സദ്യ ആരംഭിക്കും.














