പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാൻ റോയല്‍സിന്റെ അസോസിയേറ്റ് സ്‌പോണ്‍സറായി എച്ച്എംഡി


ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ രാജസ്ഥാന്‍ റോയല്‍സുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് എച്ച്എംഡി. തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലെ സഹകരണം, ഔദ്യോഗിക സ്മാര്‍ട്ട്‌ഫോണ്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ നിന്ന് ‘അസോസിയേറ്റ് സ്‌പോണ്‍സര്‍’ പദവിയിലേക്ക് ഉയര്‍ത്തിയതായും എച്ച്എംഡി അറിയിച്ചു. സ്‌പോണ്‍സര്‍ഷിന്റെ ഭാഗമായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുടെ ഹെല്‍മറ്റുകളുടെ പിന്‍ഭാഗത്ത് എച്ച്എംഡി ബ്രാന്‍ഡിങ് പ്രദര്‍ശിപ്പിക്കും. ക്രിക്കറ്റ് ആവേശത്തോടെ കാണുന്ന അന്താരാഷ്ട്ര പ്രേക്ഷകര്‍ക്കിടയില്‍ ബ്രാന്‍ഡിന് ഇത് സമാനതകളില്ലാത്ത ദൃശ്യപരത ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും പ്രചാരമേറിയ കായിക മാമാങ്കങ്ങളിലൊന്നാണ് ഐപിഎല്‍. എച്ച്എംഡി തങ്ങളുടെ ഫോണുകളില്‍ മികച്ച സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിക്കുന്നത് പോലെ തന്നെ, ഏറ്റവും മികച്ച ക്രിക്കറ്റ് പ്രതിഭകളെയാണ് രാജസ്ഥാന്‍ റോയല്‍സും തങ്ങളുടെ ടീമില്‍ അണിനിരത്തിയിരിക്കുന്നത്.


രാജസ്ഥാന്‍ റോയല്‍സുമായുള്ള ഞങ്ങളുടെ ഈ മൂന്നാം ഇന്നിങ്‌സ് സഹകരണം തുടരുന്നത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് പോലെയാണ് തോന്നിക്കുന്നതെന്ന് ഇതേകുറിച്ച് സംസാരിച്ച എച്ച്എംഡി ഇന്ത്യ, എപിഎസി വൈസ് പ്രസിഡന്റും സിഇഒയുമായ രവി കന്‍വാര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് കാണത്തക്ക രീതിയില്‍ എച്ച്എംഡിയുടെ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ഇതിനോടകം വന്‍ ആവേശം സൃഷ്ടിച്ചിട്ടുള്ള ഞങ്ങളുടെ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിനോട് അനുബന്ധിച്ചാണ് ഈ പങ്കാളിത്തമെന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇത് വെറുമൊരു പങ്കാളിത്ത കരാര്‍ അല്ലെന്നും, സ്റ്റേഡിയത്തിനകത്തും പുറത്തും ആവേശം നിറയ്ക്കുന്ന ഒരേ ലക്ഷ്യബോധമാണ് ഇതിന് പിന്നിലുള്ളതെന്നും രാജസ്ഥാന്‍ റോയല്‍സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അലോക് ചിത്രെ പറഞ്ഞു. ഈ മൂന്നാം വര്‍ഷത്തെ പങ്കാളിത്തം ഞങ്ങളുടെ ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് എത്തിച്ചേരാന്‍ അവരെ സഹായിക്കുകയും, സ്റ്റേഡിയങ്ങള്‍ക്ക് അപ്പുറത്തേക്ക് പടരുന്ന ആവേശത്തിന് കരുത്തേകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring