കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിക്കുളളില്‍ ചേരിപ്പോര്

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിക്കുളളില്‍ മുറുമുറുപ്പും ചേരിപ്പോരും തുടങ്ങി. സ്ഥാനമോഹികളുടെ വന്‍നിരയാണ് കണ്ണൂരില്‍ കോണ്‍ഗ്രസ് സീറ്റിനായി അണിനിരക്കുന്നത്. ഇതിനിടെയില്‍ തമ്മിലടി മുതലെടുക്കുന്നതിനായി മുസ്‌ലിം ലീഗും കളത്തിലിറങ്ങിയതോടെ സ്ഥിതിഗതികള്‍പിടിച്ചാകിട്ടാത്ത അവസ്ഥയായിട്ടുണ്ട്.
കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ അതീവവിശ്വസ്തനായ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ കെ. ജയന്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുളള നീക്കത്തിനെതിരെയാണ് ഗ്രൂപ്പ് ഭേദമന്യേ കോണ്‍ഗ്രസിലെ സ്ഥാനമോഹികളും ഗ്രൂപ്പ് മാനേജര്‍മാരും കളത്തിലിറങ്ങിയിരിക്കുന്നത്.

ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിലെ സുധാകര ഗ്രൂപ്പുതന്നെ പലചേരികളായി അടിച്ചുപിരിയാനുളള സാധ്യതയാണുളളത്. ഏകപക്ഷീയമായി കെ.സുധാകരന്‍ ജയന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എട്ടുനിലയില്‍ പൊട്ടിക്കാനാണ് ജില്ലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ തീരുമാനം. സുധാകര വിഭാഗത്തിലെ വോട്ടുപോലും ജയന്തിന് കിട്ടുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കേണ്ടെന്ന നിലപാടാണ് ഡി.സി.സിയിലെ ചില നേതാക്കള്‍ക്കുമുളളത്. കെ.സുധാകരന്റെ അതീവവിശ്വസ്തനായ കെ. ജയന്ത് കണ്ണൂരിലെ പാര്‍ട്ടി സംഘടനാകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ഇതേതുടര്‍ന്ന് കണ്ണൂരില്‍പിന്നീട് അധികമൊന്നും ജയന്തിനെ കണ്ടിരുന്നില്ല. ഇതിനിടെയാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്‌സരിക്കാന്‍ സുധാകരന്റെ ആശിര്‍വാദത്തോടെ നീക്കങ്ങള്‍ നടത്തുന്നത്. കോണ്‍ഗ്രസില്‍ സുധാകര വിഭാഗത്തില്‍ നിന്നുതന്നെ നിരവധി പേരാണ് സ്ഥാനാര്‍ത്ഥി കുപ്പായമണിയാന്‍ തെക്കുംവടക്കും നടക്കുന്നത്. എ. ഐ.സി.സി വക്താവ്ഷമാ മുഹമ്മദ്, മുന്‍ മേയര്‍ ടി.ഒ മോഹനന്‍, റിജില്‍മാക്കുറ്റി, അമൃതാ രാമകൃഷ്ണന്‍, വി.പി അബ്ദുല്‍ റഷീദ് എന്നിവരുടെ പേരാണ് നേരത്തെ പറഞ്ഞുകേട്ടിരുന്നത്. ഇതിനിടെയില്‍ മുസ്‌ലിം ലീഗും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിനായി അവകാശവാദമുന്നയിച്ചിട്ടുണ്ട്. കെ. എം ഷാജിയെ മത്‌സരിപ്പിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇതിനിടെ കെ.ജയന്തിനെ മത്‌സരിപ്പിക്കുന്നതില്‍ യു.ഡി. എഫ് ഐ ഘടകകക്ഷികള്‍ക്കും മുസ്‌ലിം ലീഗിനും താല്‍പര്യമില്ലെന്നാണ് വിവരം.

2018- ജൂണില്‍ ജോസ് കെ.മാണിയെ രാജ്യസഭയിലേക്ക് അയക്കാനുളള യു.ഡി. എഫ് തീരുമാനത്തെ പരസ്യമായി എതിര്‍ത്ത് വാര്‍ത്താസമ്മേളനം നടത്തിയ നേതാവാണ് ജയന്ത്. താന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സഖ്യകക്ഷികള്‍ക്ക് കോണ്‍ഗ്രസ് സ്വയം തീറെഴുതുന്നുവെന്നും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം പിന്‍തുടരുന്നുവെന്ന വിമര്‍ശനമാണ് ജയന്ത് അന്നുയര്‍ത്തിയത്. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ്പരാജയത്തിനു ശേഷം കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായതിനു ശേഷമാണ് വീണ്ടും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *