സൗഹൃദം അവസാനിപ്പിച്ചതിന് യുവാവ് പെണ്‍കുട്ടിയെ ക്രൂരമായി കുത്തിക്കൊന്നു


സൗഹൃദം അവസാനിപ്പിച്ചതിന് പ്രതികാരമായി യുവാവ് പെണ്‍കുട്ടിയെ ക്രൂരമായി കുത്തിക്കൊന്നു. ഛത്തീസ്ഗഢിലെ കോര്‍ബയിലാണ് ദാരുണസംഭവം നടന്നത്.20കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച്‌ 51 പ്രാവശ്യം കുത്തുകയായിരുന്നു.


സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡിന്‍റെ പമ്ബ് ഹൗസ് കോളനിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി കൃത്യം നടത്തിയ‌ത്. സംഭവസമയം വീട്ടില്‍ വേറെയാരും ഇല്ലായിരുന്നു. പേടിച്ച്‌ നിലവിളിച്ച പെണ്‍കുട്ടിയുടെ മുഖത്ത് തലയിണ ഉപയോഗിച്ച്‌ അമര്‍ത്തിയതിന് ശേഷമാണ് ഇയാള്‍ കുത്തിയത്. സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെ കണ്ടത്.


ജഷ്പൂര്‍ ജില്ലയില്‍ നിന്നുള്ളയാളാണ് പ്രതി. മൂന്ന് വര്‍ഷം മുമ്ബ് ഒരു ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. പ്രതി പിന്നീട് ജോലിക്കായി ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയി. എന്നാല്‍ ഇരുവരും ഫോണില്‍ സംസാരിക്കുമായിരുന്നു.

അടുത്തിടെ പെണ്‍കുട്ടി ഇയാളോട് ഫോണില്‍ സംസാരിക്കുന്നത് നിര്‍ത്തി. ഇതില്‍ വൈരാഗ്യം തോന്നിയ പ്രതി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Sharing is Caring