വെട്ടിനുറുക്കിയ നിലയില്‍ യുവതിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ അടഞ്ഞുകിടന്ന വാടകവീട്ടിലെ വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി


ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന് സമാനമായ സംഭവം വിശാഖപട്ടണത്തും. വെട്ടിനുറുക്കിയ നിലയില്‍ യുവതിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ അടഞ്ഞുകിടന്ന വാടകവീട്ടിലെ വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി.മൃതദേഹത്തിന് ഒരു വര്‍ഷത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.


താമസക്കാരന്‍ വാടക നല്‍കാതെ വന്നതോടെ, വീട്ടുടമ വീട് തുറന്ന് നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. അടഞ്ഞുകിടന്ന വാടക വീടിന്റെ പൂട്ട് തുറന്നാണ് അകത്തുകയറിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വീപ്പയില്‍ വെട്ടിനുറുക്കിയ നിലയില്‍ യുവതിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.


2021 ജൂണില്‍ കുടിശ്ശിക തന്നുതീര്‍ക്കാതെ, താമസക്കാരന്‍ വീട് തത്കാലം ഒഴിഞ്ഞു. ഭാര്യയുടെ പ്രസവം കാരണമായി പറഞ്ഞാണ് താമസക്കാരന്‍ വീട് ഒഴിഞ്ഞത്. ഒരു വര്‍ഷം കാത്തിരുന്നിട്ടും കുടിശ്ശിക തന്നുതീര്‍ക്കാതെ വന്നതോടെയാണ് വീട്ടുടമ വീടിന്റെ പൂട്ട് പൊളിച്ച്‌ അകത്തുകയറിയത്. വീട്ടിലെ താമസക്കാരന്റെ സാധനങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീട്ടുടമ എത്തിയത്. അതിനിടെ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് വിശാഖപട്ടണം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ ശ്രീകാന്ത് പറയുന്നു.

ഒരു വര്‍ഷം മുന്‍പാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. മരിച്ച സ്ത്രീ വാടകക്കാരന്റെ ഭാര്യ തന്നെയായിരിക്കാം എന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടുടമയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.



Sharing is Caring