ഇസ്രായേല്‍ ഇന്റലിജന്‍സിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച്‌ ഇറാന്‍ നാല് പേരെ തൂക്കിക്കൊന്നു


ടെഹ്‌റാന്‍ : ഇസ്രായേല്‍ ഇന്റലിജന്‍സിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച്‌ നാല് പേര്‍ക്ക് വധശിക്ഷ നടപ്പിലാക്കി ഇറാന്‍.
ഇസ്രായേലി ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ ശിക്ഷിച്ചത്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു ‘സംഘത്തിലെ’ നാല് പ്രധാന അംഗങ്ങളെ ഞായറാഴ്ച രാവിലെ വധിച്ചതായി ഇറാനിയന്‍ ജുഡീഷ്യറിയുടെ വാര്‍ത്താ സേവനമായ മിര്‍സാന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പോലും പ്രതികള്‍ക്ക് കോടതി അനുവാദം നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്.


ഇസ്രായേലിന് വേണ്ടി പ്രതികള്‍ തട്ടിക്കൊണ്ടുപോകല്‍ ആയുധം ശേഖരിക്കല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും ഡിജിറ്റല്‍ കറന്‍സിയിലൂടെ പാരിതോഷികം കൈപ്പറ്റിയെന്നുമാണ് കണ്ടെത്തല്‍. ഇറാന്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ ഹര്‍ജി സമര്‍പ്പിക്കാന്‍ പോലും അനുവാദം നല്‍കാതെ ഇവരെ തൂക്കിലേറ്റുകയായിരുന്നു.


രാജ്യസുരക്ഷയ്‌ക്കെതിരായി പ്രവര്‍ത്തിച്ചതിനും തട്ടിക്കൊണ്ടുപോകല്‍ അനധികൃത ആയുധങ്ങള്‍ കൈവശം വയ്‌ക്കല്‍ എന്നിവയ്‌ക്ക് സഹായിച്ചതിനും മറ്റ് മൂന്ന് പേര്‍ക്ക് അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ ഏറെ കാലമായി വിള്ളല്‍ വന്നിരിക്കുകയാണ്. വര്‍ഷം തോറും നൂറ് കണക്കിനാളുകളെയാണ് ഇറാന്‍ ഭരണകൂടം തൂക്കിലേറ്റാറുള്ളത്. ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു വധശിക്ഷ വിധിക്കുക പതിവാണ്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച്‌, 2021 ല്‍ ഇറാന്‍ ഭരണകൂടം കുറഞ്ഞത് 314 പേരെയെങ്കിലും വധിച്ചിട്ടുണ്ട്. അതേ വര്‍ഷം മിഡില്‍ ഈസ്റ്റില്‍ രേഖപ്പെടുത്തിയ വധശിക്ഷകളുടെ പകുതിയിലധികം വരും ഈ കണക്ക്.



Sharing is Caring