ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു


ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തൻപുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍ (33) ആണ് മരിച്ചത്.സംഭവത്തില്‍ നീതുവിന്റെ ഭര്‍ത്താവ് കെ എസ് ഉണ്ണിയെ അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഭര്‍ത്താവിന്റെ വീടായ അരൂര്‍ നാലാം വാര്‍ഡ് കാക്കപ്പറമ്ബില്‍ വീട്ടിലാണ് നീതുമോളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


2011-ലായിരുന്നു നീതുവും ഉണ്ണിയും തമ്മിലുള്ള വിവാഹം. അന്നുമുതല്‍ സൗന്ദര്യം പോരാ എന്നുപറഞ്ഞ് നീതുവിനെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് യുവതിയുടെ വീട്ടുകാര്‍ വ്യക്തമാക്കി.പീഡനം അസഹ്യമായതിനെത്തുടര്‍ന്ന് പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് വഴക്കുകള്‍ പറഞ്ഞുതീര്‍ത്ത് ഉണ്ണി നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു പതിവ്.


കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം നല്‍കാതെയും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സാമഗ്രികള്‍ വാങ്ങി നല്‍കാതെയും ഉണ്ണി നീതുവിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.നീതുവിനും ഉണ്ണിക്കും അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ എന്നീ മൂന്നുമക്കളുണ്ട്. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭര്‍ത്താവ് ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.



Sharing is Caring