ഓയൂരില്‍നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായുള്ള കാത്തിരിപ്പ് നിര്‍ണായക മണിക്കൂറിലേക്ക്. രാവിലെ പത്തിന് വീണ്ടും വിളിക്കുമെന്നാണ് തട്ടികൊണ്ട് പോയ സംഘം അറിയിച്ചിരിക്കുന്നത്. പത്തുമണിയാകാന്‍ ഇനി ഉള്ളത് നിര്‍ണായകമായ അരമണിക്കൂറാണ്. ഇന്നലെ വൈകിട്ട് മുതല്‍ സംസ്ഥാനമാകെ 16 മണിക്കൂര്‍ വ്യാപക തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താന്‍ പൊലിസിനായിട്ടില്ല.നിലവില്‍, സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.
പാരിപ്പള്ളിയിലെ കടയില്‍ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.അതേസമയം, ശ്രീകണ്‌ഠേശ്വരത്ത് കാര്‍ വാഷിങ് സെന്റര്‍ ഉടമയും മറ്റു രണ്ടുപേര്‍ക്കും സംഭവവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നും കാര്‍ വാടകയ്ക്ക് കൊടുത്തതാണോയെന്നായിരുന്നു സംശയം. ഇത് സ്ഥിരീകരിക്കാനായിരുന്നു അന്വേഷണം.

കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ പരിശോധനയില്‍ 9 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ അടങ്ങിയ ബാഗും ചെക്കു ബുക്കുകളും പൊലീസ് കണ്ടെടുത്തിരുന്നു. മൂന്നുപേരുമായി തിരുവല്ലത്തെ കാര്‍ വര്‍ക് ഷോപ്പിലും പരിശോധന നടത്തി. പൊലീസ് സംഘം അബിഗേലിന്റെ വീട്ടിലെത്തി പിതാവ് റെജിയുടെ മൊഴിയെടുത്തു.അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെയെന്ന് സംശയം ബലപ്പെട്ടിട്ടുണ്ട്. രണ്ട് മൂന്ന് ദിവസമായി ഒരു കാര്‍ പ്രദേശത്ത് കണ്ടിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു.
ഒരു കാര്‍ പിന്തുടരുന്ന കാര്യം കുട്ടികള്‍ പറഞ്ഞെങ്കിലും അതത്ര കാര്യമായെടുത്തില്ലെന്നാണ് അബിഗേല്‍ സാറയുടെ അമ്മൂമ്മ പറയുന്നത്.രണ്ട് മൂന്ന് ദിവസമായി ഒരു കാര്‍ പ്രദേശത്ത് കണ്ടിരുന്നു. അത്ര കാര്യമാക്കിയില്ല. അയല്‍വീടുകളിലെ ആരുടെയെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്ന് കരുതിതെന്ന് അയല്‍വാസി സുനിത പറഞ്ഞു.നേരത്തെയും ഒരു കാര്‍ വീടിനടുത്ത് നിര്‍ത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. നിര്‍ത്തിയിട്ട കാറില്‍ നിന്നും രണ്ടു പേര്‍ സൂക്ഷിച്ച് നോക്കിയെന്നാണ് അവര്‍ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തില്‍ എടുക്കാതിരുന്നതെന്ന് അമ്മൂമ്മ പറഞ്ഞു.













