സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യത തേടി സുപ്രിംകോടതി. ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേരളവും കേന്ദ്രവും സുപ്രിംകോടതിയെ അറിയിച്ചു. വിഷയത്തില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയ്ക്ക് നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംസ്ഥാന ധനമന്ത്രിയോട് ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെടാമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കബില്‍ സിബല്‍ അറിയിച്ചു.
ധനനയത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നും ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ടാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. സംസ്ഥാനത്തിന്റെ ധനകാര്യ സെക്രട്ടറിയ്ക്ക് കേന്ദ്രധനമന്ത്രിയെക്കണ്ട് പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ കഴിഞ്ഞില്ലേയെന്നും സുപ്രിംകോടതി ചോദിച്ചു. എന്തുകൊണ്ട് ചര്‍ച്ചയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നില്ലെന്ന് കോടതി ചോദിച്ചപ്പോള്‍ ഇന്ന് തനനെ അതിനുള്ള വഴിയൊരുക്കുമെന്ന് കേരളം മറുപടി നല്‍കി.
ഇടക്കാല ആശ്വാസമായി കേന്ദ്രം ഫണ്ട് നല്‍കിയില്ലെങ്കില്‍ പിഎഫ് നല്‍കുന്നതില്‍ ഉള്‍പ്പെടെ തടസ്സങ്ങള്‍ നേരിടുമെന്നും കേരളം സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കോടതി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം