ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) ഡ്രൈവിങ് ലൈസൻസിൽ ഏതെല്ലാം വാഹനമോടിക്കാമെന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് മൂന്നുമാസ സമയം അനുവദിച്ച് സുപ്രീംകോടതി.വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കരടുറിപ്പോര്‍ട്ട് ലഭിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. ഫെബ്രുവരി പകുതിയോടെ റിപ്പോര്‍ട്ടിന് അന്തിമരൂപമുണ്ടാകുമെന്നും വ്യക്തമാക്കി.
നിയമനിര്‍മാണം പാര്‍ലമെന്ററിന്റെ പരിധിയില്‍പ്പെട്ടതാണെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ ഏപ്രില്‍ 15 വരെ സമയമനുവദിക്കുന്നതായും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അറിയിച്ചു.പരിഹാരമുണ്ടായില്ലെങ്കില്‍ ഏപ്രില്‍ 16-ന് കേസ് പരിഗണിക്കാമെന്നും 23-ന് വാദമാരംഭിക്കാമെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി.എസ്. നരസിംഹ, പങ്കജ് മിത്തല്‍, മനോജ് മിശ്ര എന്നിവര്‍കൂടി ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
എല്‍.എം.വി.യുടെ നിര്‍വചനത്തില്‍നിന്ന് 7500 കിലോഗ്രാംവരെ ഭാരമുള്ള വാഹനങ്ങളെ ഒഴിവാക്കിയിട്ടില്ലെന്ന് 2017-ലെ മുകുന്ദ് ദേവാംഗന്‍ കേസില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍, ലക്ഷക്കണക്കിന് ഡ്രൈവര്‍മാരുടെ ഉപജീവനത്തെ ബാധിക്കുന്ന പ്രശ്‌നമാണിതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാഹര്‍ജി അഞ്ചംഗ ബെഞ്ചിലേക്ക് വിടുകയായിരുന്നു