കോട്ടയം: മറന്നുവെച്ച കണ്ണടയെടുക്കാൻ ട്രെയിനിൽ തിരിച്ചുകയറിയ വിദ്യാർഥി ഇറങ്ങുന്നതിനിടെ വീണു മരിച്ചു. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കിയാണ് (25) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.പുണെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ദീപക് കോഴ്സ് പൂർത്തിയാക്കി പുണെ–കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിനിലാണ് എത്തിയത്.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ദീപക് മറന്നുവെച്ച കണ്ണട ട്രെയിനിൽനിന്ന് തിരിച്ചെടുക്കാൻ വീണ്ടും കയറിയതാണ് അപകട കാരണം. കണ്ണട എടുത്തശേഷം തിരികെ ഇറങ്ങാൻ ശ്രമിക്കുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ചാടിയിറങ്ങിയപ്പോൾ വീണ് ട്രെയിനിന്റെ അടിയിൽ പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ഇടശേരിക്കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയാണ് പിതാവ്. മാതാവ് സോളി.