സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം ഇന്ന് തിരുവനന്തപുരത്ത്

2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമര്‍പ്പണം ഇന്ന് വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌ക്കാര നിര്‍വ്വഹണം നടത്തും.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി. കുമാരനും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചിവ്മെന്റ് പുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും.

മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജുമേനോന്‍, ജോജൂ ജോര്‍ജ്, നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് ആര്‍.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാം പുഷ്‌ക്കരന്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ തുടങ്ങിയ 50 പേര്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുമെന്നു മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2021ലെ ചലച്ചിത്ര അവാര്‍ഡ് വിശദാംശങ്ങള്‍ അടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഗതാഗത മന്ത്രി ആന്റണി രാജുവിനു നല്‍കി പ്രകാശനം ചെയ്യും.’മലയാള സിനിമ നാള്‍വഴികള്‍’ എന്ന റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രകാശനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, വി.കെ. പ്രശാന്ത് എംഎല്‍എയ്ക്കു നല്‍കി നിര്‍വഹിക്കും.

ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ചലച്ചിത്ര വിഭാഗം ജൂറി ചെയര്‍മാന്‍ സയ്യിദ് മിര്‍സ, രചനാ വിഭാഗം ചെയര്‍മാന്‍ വി.കെ. ജോസഫ്, ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗങ്ങളായ സുന്ദര്‍ദാസ്, ഫൗസിയ ഫാത്തിമ, ബൈജു ചന്ദ്രന്‍, മൈക്കിള്‍ വേണുഗോപാല്‍, വി ആര്‍ സുധീഷ്, രചന വിഭാഗം ജൂറി ചെയര്‍മാനായ ഡോ.അജു നാരായണന്‍, ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജൂറി അംഗവും മാധ്യമപ്രവര്‍ത്തകനുമായ വെങ്കിടേഷ് രാമകൃഷ്ണന്‍, കെഎസ്‌എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

പുരസ്‌കാര സമര്‍പ്പണ ചടങ്ങിനുശേഷം ബിജിബാല്‍ നയിക്കുന്ന സൗണ്ട് ഓഫ് മ്യൂസിക്ക് എന്ന സംഗീതപരിപാടിയില്‍ ഗായത്രി, നജീം അര്‍ഷാദ്, 2021 ലെ മികച്ച പിന്നണി ഗായാകനുള്ള അവാര്‍ഡ് നേടിയ പ്രദീപ് കുമാര്‍, സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഹിഷാം അബ്ദുല്‍ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിനുള്ള സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍, രാജലക്ഷ്മി, സൂരജ് സന്തോഷ്, സംഗീത ശ്രീകാന്ത്, രൂപരേവതി, സൗമ്യ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *