
അരിക്കൊമ്പന്റെ പേരില്‍ വാട്‌സ് ഗ്രൂപ്പുണ്ടാക്കി എട്ടു ലക്ഷം തട്ടിയസംഭവത്തില്‍ സംസ്ഥാന സെപ്ഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ‘അരിക്കൊമ്പനൊപ്പം’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് എറണാകുളം സ്വദേശികളായ ചിലര്‍ പലരില്‍ നിന്നായി എട്ടു ലക്ഷം തട്ടിയത്. സംസ്ഥാനത്തെ പ്രമുഖ മൃഗസ്‌നേഹികളടക്കം ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു.അരികൊമ്പന് അരിവാങ്ങാനും ചിന്നക്കനാലില്‍ തിരികയെത്തിക്കാനുമാണ് ഈ പണം എന്നായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയവര്‍ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. പൊതുപ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ നിര്‍ദേശമുണ്ടായത്.
എഡിജിപി എം.ആര്‍.അജിത് കുമാറിനാണ് അന്വേഷണച്ചുമതല. ഗ്രൂപ്പിന്റെ അഡ്മിന്‍ പാനലില്‍ ഉണ്ടായിരുന്ന സൈനികന്‍ അടക്കമുള്ള ചിലരാണ് അരിക്കൊമ്പന്റെ പേരിലുള്ള തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.സിനിമാ താരത്തിന്റെ സഹോരി എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവതി തന്റെ ഭര്‍ത്താവ് വിദേശ മലയാളിയാണെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക പണം നല്‍കിയാല്‍ അന്വേഷണം ഒന്നും ഉണ്ടാകില്ലന്നും ഗ്രൂപ്പുകളില്‍ അറിയിച്ചിരുന്നു. നിരവധി പ്രവാസികളും പണം നല്‍കിയിരുന്നു.

