വിദ്യാര്‍ഥിനികളുടെ ലോക്കര്‍ റൂമില്‍ ഒളിക്യാമറ വച്ച കേസില്‍ അറസ്റ്റിലായ സ്കൂള്‍ സൂപ്രണ്ട് മരിച്ച നിലയില്‍


ലബക്ക്: വിദ്യാര്‍ഥിനികള്‍ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വയ്ക്കാന്‍ ഉപയോഗിക്കുന്ന ലോക്കര്‍ റൂമില്‍ ഒളിക്യാമറ വച്ച കേസില്‍ പോലിസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ട സ്കൂള്‍ സൂപ്രണ്ട് ജോഷ്വ ജിയോണ്‍ (43) സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് എഫ്ബിഐയും ലോ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സിയും ചേര്‍ന്ന് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തത്.


അടുത്ത ദിവസം ഇയാളുടെ വസതി പരിശോധിച്ച അധികൃതര്‍ ചില ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ഡിസംബര്‍ 9 വെള്ളിയാഴ്ച ഇയാള്‍ താമസിക്കുന്ന ഷാലൊ വാട്ടറിലുള്ള വസതിയില്‍ നിന്നും പോലീസിനു ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെടിയേറ്റു നിലത്തു കിടക്കുന്ന ജോഷ്വയെ കണ്ടെത്തി. തലക്ക് വെടിയേറ്റ ഇയാള്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.


കഴിഞ്ഞ മാസമാണ് വിദ്യാര്‍ഥിനികളുടെ മുറിയില്‍ വിഡിയോ റെക്കോര്‍ഡിംഗ് നടക്കുന്നുവെന്നു പരാതി ലഭിച്ചത്. തുടര്‍ന്നു നടന്ന അന്വേഷണത്തിനൊടുവിലാണു സൂപ്രണ്ടിന്‍റെ പങ്ക് വ്യക്തമായി. ഇതേ തുടര്‍ന്നു ജോഷ്വയെ നവംബര്‍ 28 മുതല്‍ അഡ്മിനിസ്ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചിരുന്നു. സൂപ്രണ്ട് ജോഷ്വയുടെ മരണത്തില്‍ സിഗ്രോവ്സ് ഐഎസ്ഡി സ്കൂള്‍ ദുഃഖം രേഖപ്പെടുത്തി. പ്രഗല്‍ഭനായ ഒരു അധ്യാപകനും സൂപ്രണ്ടുമായിരുന്നു ജോഷ്വായെന്ന് ഐഎസ്ഡിയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു.



Sharing is Caring