പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള മൂന്നു ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. ലോക്‌സഭ പാസാക്കിയ 1860 ലെ ഇന്ത്യന്‍ പീനല്‍ കോഡ്, 1898 ലെ ക്രിമിനല്‍ നടപടിച്ചട്ടം, 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമായുള്ള ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയ്ക്കാണ് ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയത്.
ഒപ്പം പോസ്റ്റ് ഓഫീസ് ബില്ലിനും ടെലികോം ബില്ലിലും രാഷ്ട്രപതി ഒപ്പിട്ടട്ടുണ്ട്.പ്രതിപക്ഷത്തെ ഭൂരിപക്ഷം എംപിമാരും സസ്‌പെന്‍ഷനിലൂടെ പുറത്തായതിനാല്‍ ക്രിമിനല്‍ നിയമങ്ങള്‍ ചര്‍ച്ചകള്‍ ഇല്ലാതെയാണ് സുപ്രധാനബില്ലുകള്‍ ലോക്‌സഭ പാസാക്കിയത്.മൂന്ന് ബില്ലുകളും ഇന്ത്യന്‍ ചിന്താഗതി അടിസ്ഥാനമാക്കി നീതിന്യായ വ്യവസ്ഥ സ്ഥാപിക്കുമെന്നും കൊളോണിയല്‍ പ്രതീകങ്ങളില്‍നിന്നും ചിഹ്നങ്ങളില്‍നിന്നും നിര്‍ദിഷ്ട ക്രിമിനല്‍ നിയമങ്ങള്‍ ആളുകളെ മോചിപ്പിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങള്‍ അയച്ചാല്‍ ടെലികോം കമ്പനിക്കു പിഴ മുതല്‍ വിലക്കുവരെ വ്യവസ്ഥ ചെയ്യുന്നതാണു പുതിയ ടെലികോം ബില്‍. ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപ വീതവുമായിരിക്കും പിഴ.രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ വ്യക്തികളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനും വിലക്കാനും സര്‍ക്കാരിനു കമ്പനികള്‍ക്കു നിര്‍ദേശം നല്‍കാം തുടങ്ങിയവ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.













