തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത നടുക്കം ഉണ്ടാക്കിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വിദഗ്ദ പരിശോധന നടത്തും മുൻപെയാണ് കാട്ടാന ചരിഞ്ഞത്. കേരളം എല്ലം സുതാര്യമായി ചെയ്തു. ആനയുടെ പോസ്റ്റുമോർട്ടം കേരളവും കർണാടകയും സംയുക്തമായി നടത്തും. സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അഞ്ചംഗ സമിതിയെ അന്വേഷണത്തിന് നിയോഗിക്കും. I&E, ഐഎസ്എഫ് ഓഫീസർ,വെറ്റിനറി ഡോക്ടർ, എൻജിഒ പ്രതിനിധി, നിയമവിദഗ്ധൻ,ഡിഎഫ്ഒ ഫ്ലയിങ് സ്‌ക്വഡ് എന്നിവർ സമിതിയിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി ബന്ദിപ്പൂരിലെ ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞത്.
തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്ടട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പില്‍ തണ്ണീര്‍ കൊമ്പനെ എത്തിച്ചിരുന്നത്.ആന പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞുവെന്ന വിവരം അധികൃതര്‍ സ്ഥിരീകരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്‍റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.