
മലപ്പുറം താനൂരിലെ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 10 മണിക്കുള്ളിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകി.
തുടർന്ന് 9:30 യോടെ എല്ലാ ആശുപത്രികളിലെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുകയായിരുന്നു.നടപടികൾ വേഗത്തിലാക്കുന്നതിന് തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും പോസ്റ്റുമോർട്ടം നടത്തി. മന്ത്രി വീണാ ജോർജ് മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശന ദുരന്ത സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ സർക്കാർ മുൻഗണന നൽകുന്നത് എന്ന് റവന്യു മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന്, വളരെ ഗൗരവത്തോട് ഈ വിഷയം സർക്കാർ ചർച്ച ചെയ്യും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രദേശവാസികൾക്ക് മന്ത്രി നന്ദി അറിയിച്ചു.
