ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമകളെ പിടികൂടാനാകാതെ പൊലീസ്

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ സംക്രാന്തിയിലെ ദ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടൽ ഉടമകളെ പിടികൂടാനാകാതെ പൊലീസ്. ഹോട്ടലിലെ ചീഫ് കുക്ക് മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ നരഹത്യ കുറ്റം ചുമത്തി ഇന്നലെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ സംഭവം നടന്ന് ഒരാഴ്ചയിൽ കൂടുതലായിട്ടും ഉടമകളെ കസ്റ്റഡിയിലെടുക്കാൻ പോലും പൊലീസിനു കഴിഞ്ഞിട്ടില്ല. ലൈസൻസില്ലാത്ത അടുക്കള കെട്ടിടത്തിൽ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു സംക്രാന്തിയിലെ ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തി പ്രവർത്തിച്ചിരുന്നത്. ഉടമകൾ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.കഴിഞ്ഞ 29ന് സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂർ പാലത്തറ വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യ മെഡിക്കൽ കോളജിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കൂടിയായ രശ്മി രാജ് ഫുഡ് പോയിസനെ തുടർന്ന് മരണപ്പെടുകയായിരുന്നു.

തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിൽ ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു.തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിന് ശേഷം ഇയാളെ മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ നിന്നും പിടികൂടുകയായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, കോട്ടയം വെസ്റ്റ് എസ്.ഐ ശ്രീജിത്ത്, ഗാന്ധിനഗർ എസ്.ഐ വിദ്യ വി, പവനൻ എം.സി, സി.പി.ഓ മാരായ അനീഷ് വി.കെ, പ്രവീണോ പി.വി, സുബീഷ് , രാകേഷ് , അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *