സിറോ മലബാർ സഭാ സിനഡ് സമ്മേളത്തിന് ഇന്ന് തുടക്കം

കുർബാന തർക്കമുൾപ്പടെ ചർച്ചയാകുന്ന സിറോ മലബാർ സഭാ സിനഡ് സമ്മേളത്തിന് ഇന്ന് തുടക്കമാകും. സഭാ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കുർബാന തർക്കം സിനഡ് ചർച്ച ചെയ്യുമെന്നും സഭയ്ക്കുള്ളിൽ പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടാകുമെന്നും സഭാ അധ്യക്ഷൻ നേരത്തെ അറിയിച്ചിരുന്നു.

സഭാ അംഗങ്ങൾ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആൻഡ്രൂസ് താഴത്ത് നിയമിച്ച അന്വേഷണ കമ്മീഷനോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിമത വിഭാഗം സഭാ ആസ്ഥാനത്തേക്ക് അതിരൂപത സംരക്ഷണ റാലി നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.മൂന്ന് ദിവസത്തെ പ്രാർത്ഥന ധ്യാനങ്ങൾക്ക് ശേഷമാണ് സിനഡ് സമ്മേളനം ആരംഭിക്കുന്നത്.

എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ സംഘർഷവും സിനഡ് ചർച്ച ചെയ്യും. പളളിയിലെ സംഘർഷത്തിനിടെ കുർബാനയെ സമര മാർഗമായി ഉപയോഗിച്ചത് ശരിയായില്ലെന്നും വിമത വിഭാഗത്തിനെതിരെ കടുത്ത നടപടി വേണമെന്നും നേരത്തെ ആവശ്യം ഉയർന്നിരുന്നു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സിറോ മലബാർ സഭയുടെ മുപ്പത്തിയൊന്നാമത് സിനഡ് പുരോഗമിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *