
കേരള നിയമസഭയുടെ എട്ടാം സമ്മേളത്തിന് തുടക്കമാകുന്ന നയപ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭായി-ഭായി ബന്ധമാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ആര്‍എസ്എസ് നോമിനിയായ ഗവര്‍ണറുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കി. എല്‍ഡിഎഫ്-ബിജെപി ഗവര്‍ണര്‍ കൂട്ടുകെട്ടിന്റെ ലക്ഷ്യം എന്താണെന്നും പ്രതിപക്ഷം ചോദിച്ചു. സിപിഐഎമ്മിനും ബിജെപിക്കും ഇടയിലെ പാലം ആരാണ്, എന്തിനാണ് ഈ ഒത്തുതീര്‍പ്പ്? സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുകളിക്ക് ഇടനിലക്കാര്‍ സജീവമാണ്.
കാശ്മീരിലെ തേയിലയ്ക്ക് സ്വാദ് കൂടുമെന്നും ഒത്തുതീര്‍പ്പിന് വേഗത കൂടുമെന്നും പ്രതിപക്ഷം പരിഹസിച്ചു.വികസനം, ആരോഗ്യം, സാമൂഹ്യ പുരോഗതി, വിദ്യാഭ്യാസം, മാധ്യമസ്വാന്ത്ര്യം, ദാരിദ്ര്യനിര്‍മാര്‍ജനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങളില്‍ ഊന്നിയായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. സാമൂഹിക സുരക്ഷയില്‍ മികച്ച് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വികസന കാര്യങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ഉള്ളതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. നയപ്രഖ്യാപനത്തെ ഭരണകക്ഷി അംഗങ്ങള്‍ ഡെസ്‌കില്‍ കയ്യടിച്ചാണ് സ്വാഗതം ചെയ്തത്.

സുസ്ഥിര വികസനമാണ് കേരളത്തിന്റെ ലക്ഷ്യം. വയോജനങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നുണ്ട്, നീതി ആയോഗ് മാനദണ്ഡങ്ങളില്‍ സംസ്ഥാനം മുന്നില്‍ നില്‍ക്കുന്നു. സംസ്ഥാനത്തെ അതിദാരിദ്ര്യമുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അതിദാരിദ്ര്യ കുടുംബങ്ങളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്.
സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. ഇ-ഓഫീസ് എന്ന സംവിധാനം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇ ഓഫീസ് സജ്ജമാണ്. കേരള വിജ്ഞാന സാമ്പത്തിക മിഷന്‍ ലക്ഷ്യത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
