സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ഓർഡർ ചെയ്ത മരുന്നുകൾ 60 ദിവസത്തിനകം എത്തിക്കണമെന്നത് നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.സർക്കാർ ആശുപത്രികളിൽ മരുന്നില്ല എന്നത് യാഥാർഥ്യമാണ്. ചോദ്യത്തിന് കൃത്യമായ മറുപടി ആരോഗ്യ മന്ത്രി പറയുന്നില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
81 ശതമാനം ഓർഡറുകളിലും 60 ദിവസം എന്ന കാലയളവ് നടപ്പാക്കാൻ സാധിച്ചിട്ടില്ല. ചില കമ്പനികൾ 988 ദിവസം കാലതാമസം വരുത്തിയെന്നാണ് കണ്ടെത്തൽ. സംവിധാനം പരാജയപ്പെട്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സതീശൻ പറഞ്ഞു.അനൂപ് ജേക്കബ് അടക്കം പ്രതിപക്ഷ എം.എൽ.എമാരാണ് തങ്ങളുടെ മണ്ഡലങ്ങളിലെ സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമത്തെ കുറിച്ച് സഭയിൽ ഉന്നയിച്ചത്.
അതേ സമയം സംസ്ഥാനത്ത മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് സഭയിൽ വ്യക്തമാക്കി. കെ.എം.സി.എൽ വഴി മരുന്ന് ലഭ്യമാക്കുന്ന ആശുപത്രികളിൽ മരുന്നു ലഭ്യത കൂട്ടാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ അടക്കം നിർദേശങ്ങൾ സർക്കാർ പരിഗണിക്കുമെന്നും മന്ത്രി വിശദീകരിച്ചു.