ലോകകപ്പില്‍ ഗ്രൂപ് എയിലെ രണ്ടാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ് എയിലെ രണ്ടാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്.സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഓറഞ്ച് പടക്കായി ഗോള്‍ നേടിയത് കോഡി ഗാക്‌പോ (84), ഡേവി ക്ലാസന്‍ (90+9) എന്നിവരാണ്.

അല്‍ തുമാമ സ്റ്റേഡിയത്തിലായിരുന്നു മത്സരം. തുടങ്ങിയതു മുതല്‍ ഇരുടീമുകളും പരസ്പരം ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്. പന്തടക്കത്തിലും പാസിങ്ങിലും ഉള്‍പ്പെടെ നെതര്‍ലന്‍ഡ്‌സിനൊപ്പം കട്ടക്ക് പിടിച്ചുനില്‍ക്കുന്ന പ്രകടനമാണ് സെനഗലും പുറത്തെടുത്തത്. നെതര്‍ലന്‍ഡിന്റെ ബെര്‍ഗ്വിജന്‍ നാലാം മിനിറ്റില്‍ മികച്ച അവസരം ലഭിച്ചെങ്കിലും സെനഗല്‍ പ്രതിരോധം വിഫലമാക്കി.

കളിയുടെ എട്ടാം മിനിറ്റില്‍ സെനഗലിന്റെ സിസ്സെയും മികച്ച അവസരം പാഴാക്കി. 19-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സിന്റെ സൂപ്പര്‍ താരം ഫ്രെങ്കി ഡിജോങ്ങിന് ബോക്സിന് മുന്നില്‍ മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഒന്നാം പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ഇരു ടീമുകളും അറ്റാക്കിങ്ങും കൗണ്ടര്‍ അറ്റാക്കിങ്ങുമായി കളം നിറഞ്ഞു. 53ാം മിനിറ്റില്‍ വാന്‍ഡൈക്കിന്റെ ഹെഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 73ാം മിനിറ്റില്‍ സെനഗലിന്റെ ഗ്യുയെയുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ ഷോട്ട് ഗോള്‍കീപ്പര്‍ നോപ്പര്‍ട്ട് തട്ടിയകറ്റി. 84ാം മിനിറ്റില്‍ ഇടതുവിങ്ങില്‍നിന്ന് ബോക്‌സിനുള്ളിലേക്ക് ഫ്രെങ്കി ഡി ജോങ് ഉയര്‍ത്തി നല്‍കിയ പന്ത് ഗാപ്‌കോ ഹെഡറിലൂടെ വലയിലെത്തിച്ചു.

പന്ത് തട്ടിയകറ്റാനായി സെനഗല്‍ ഗോളി എഡ്വേര്‍ഡ് മെന്‍ഡി മുന്നോട്ടുവന്നെങ്കിലും ഫലം കാണാനായില്ല. പിന്നാലെ ഗോള്‍ മടക്കാന്‍ സെനഗല്‍ പ്രതിരോധം മറന്നുകളിച്ചതോടെ വലയില്‍ രണ്ടാം ഗോളുമെത്തി. ഗോളി തട്ടിയകറ്റിയ പന്ത് ഡേവി ക്ലാസന്‍ വലയിലെത്തിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *