കേന്ദ്ര അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് എം നാഗപ്രസന്നയാണ് വിധി പറയുക. ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കാണ് കേസ് പരിഗണിയ്ക്കുക.
എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാണ് എക്സാലോജിക്കിൻ്റെ ഹർജിയിലെ ആവശ്യം.
തിങ്കളാഴ്ച ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ട കോടതി, കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. വിധി വരുന്നത് വരെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേയ്ക്ക് കടക്കരുതെന്ന് കോടതി എസ്എഫ്ഐഒയ്ക്ക് നിർദേശം നൽകിയിരുന്നു. മാത്രമല്ല, എസ്എഫ്ഐഒ ആവശ്യപ്പെടുന്ന രേഖകൾ നൽകണമെന്ന് എക്സാലോജിക്കിനോടും കോടതി നിർദേശിച്ചിരുന്നു.














