സമാധാന നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ ഇന്ന് അധികാരമേൽക്കും. രാത്രി എട്ടിനാണ് സത്യപ്രതിജ്ഞ. പതിനഞ്ച് അംഗങ്ങളാകും ഉപദേശക കൗൺസിലിലുണ്ടാവുക. രാജ്യത്ത് സമാധാനം പാലിക്കാനും അക്രമങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും മുഹമ്മദ് യൂനുസ് ആഹ്വാനം ചെയ്തു.സർക്കാരിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് യൂനുസ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനും, ഇടക്കാല സർക്കാരിന് ശേഷം അധികാരത്തിലിരിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് പാരീസിൽ തങ്ങുന്ന യൂനുസ് ഇന്ന് വൈകിട്ട് ബംഗ്ലാദേശിലെത്തുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് ഇടക്കാല സർക്കാർ ചുമതലയേൽക്കുന്നത്. പ്രക്ഷോഭം നയിച്ച വിദ്യാർത്ഥികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് മുഹമ്മദ് യൂനസിനെ തിരഞ്ഞെടുത്തത്.














