എആര്‍ആര്‍സി നാലാം റൗണ്ടില്‍ രണ്ട് പോയിന്റുകള്‍ നേടി ഹോണ്ട ടീം


കൊച്ചി: ഇന്തോനേഷ്യയിലെ മന്ദാലിക ഇന്റര്‍നാഷണല്‍ സ്ട്രീറ്റ് സര്‍ക്യൂട്ടില്‍ സമാപിച്ച 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) നാലാം റൗണ്ടില്‍ നിര്‍ണായകമായ രണ്ട് പോയിന്റുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ഏഷ്യാ പ്രൊഡക്ഷന്‍ 250 സിസി ക്ലാസ് (എപി250 ക്ലാസ്) ആദ്യ റേസില്‍ ഇന്ത്യന്‍ ജോഡികളായ കാവിന്‍ ക്വിന്റല്‍, മൊഹ്‌സിന്‍ പി എന്നിവര്‍ യഥാക്രമം 16, 22 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. രണ്ടാം റേസില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച കാവിന്‍ ക്വിന്റല്‍ 14ാം സ്ഥാനത്തെത്തി രണ്ട് പോയിന്റുകളും സ്വന്തമാക്കി. മലപ്പുറം സ്വദേശി മൊഹ്‌സിന്‍ പി 19ാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.

ആദ്യറേസില്‍ 18:21.505 എന്ന മൊത്തം ലാപ് സമയത്തോടെയാണ് കാവിന്‍ ക്വിന്റല്‍ 16ാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കിയത്. ഈ റേസില്‍ പോയിന്റൊന്നും നേടാനായില്ല. എന്നാല്‍ അവസാന മത്സരത്തില്‍ കൂടുതല്‍ വേഗം കണ്ടെത്തിയ താരം 18:17.388 എന്ന ലാപ് ടൈമോടെ 14ാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ആദ്യറേസില്‍ നിന്ന് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 18:53.400 എന്ന ലാപ് ടൈമിലാണ് മൊഹ്‌സിന്‍ രണ്ടാം റേസില്‍ 19ാം സ്ഥാനത്തെത്തിയത്.


2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ നാല് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീമിന്റെ ഇതുവരെയുള്ള ആകെ പോയിന്റ് നേട്ടം 21 ആയി ഉയര്‍ന്നു. 2023 ഒക്ടോബര്‍ 6 മുതല്‍ 8 വരെ ചൈനയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം റൗണ്ടിനായി കാത്തിരിക്കുകയാണ് ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം


കാഠിന്യമേറിയ റൗണ്ടില്‍ ഞങ്ങളുടെ റൈഡര്‍മാര്‍ പ്രശംസനീയമായ പ്രകടനങ്ങളാണ് നടത്തിയതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. കാവിനും മൊഹ്‌സിനും തങ്ങളുടെ പരമാവധി പരിശ്രമിച്ചു, മത്സരത്തിലുടനീളം ഇരുവരും അചഞ്ചലമായ ദൃഢനിശ്ചയം പ്രകടിപ്പിക്കുകയും ചെയ്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Sharing is Caring