മസാല ബോണ്ട് കേസിൽ ഇഡി സമന്‍സ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും


മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കാനുള്ള ഇഡി സമന്‍സ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയും മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസകും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 13ന് ഹാജരാകണമെന്ന് കാട്ടി ഇഡി പുതിയ സമന്‍സ് നല്‍കിയെങ്കിലും തോമസ് ഐസക് ഹാജരായിട്ടില്ല. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.


കിഫ്ബിക്കും തോമസ് ഐസകിനും വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അരവിന്ദ് പി ദത്താറും ജയദീപ് ഗുപ്തയും ഹാജരാകും. ഇഡി ആറാം തവണയും നല്‍കിയത് സമാന സമന്‍സ് ആണെന്നാണ് കിഫ്ബിയുടെ വാദം. ഇഡി ആവശ്യപ്പെട്ട സാക്ഷ്യപ്പെടുത്തിയ രേഖകളും കിഫ്ബി കോടതി വഴി നേരത്തെ കൈമാറിയിട്ടുണ്ട്. സമന്‍സ് നല്‍കി വിളിച്ചുവരുത്തിയാലും അറസ്റ്റ് ചെയ്യില്ലെന്നാണ് ഇഡി നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്.


ഫെമ നിയമസംഘനം പരിശോധിക്കാന്‍ ഇഡിക്ക് അധികാര പരിധിയില്ലെന്നാണ് കിഫ്ബിയുടെയും തോമസ് ഐസകിന്റെയും പ്രധാന വാദം. തെളിവ് കണ്ടെത്താന്‍ വേണ്ടി അന്വേഷണം നടത്താനാവില്ലെന്നും തെളിവുണ്ടെങ്കില്‍ അന്വേഷണം നടത്താമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.കോടതി പറഞ്ഞാല്‍ മാത്രം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നും അതല്ലാതെ ഇഡി ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തോമസ് ഐസക് ആരോപിച്ചിരുന്നു. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ മടിയുണ്ട്, എന്നാല്‍ തനിക്ക് ഭയമില്ലെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.



Sharing is Caring