കേരളത്തിലെ ഹോസ്റ്റലുകളില്‍ സമയ നിയന്ത്രണം ഒഴിവാക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട് ശരിവെച്ച് ഹൈക്കോടതി. രാത്രിയില്‍ പുരുഷന്മാര്‍ പോലും സുരക്ഷിതരല്ല എന്നതാണു സത്യം. നമ്മുടെ പൊതു ഇടങ്ങള്‍ രാപകല്‍ ഭേദമില്ലാതെ ഇറങ്ങി നടക്കാന്‍ പര്യാപ്തമാകണമെങ്കില്‍ ഇനിയും കാത്തിരിക്കണം.
18 കഴിഞ്ഞാലും മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആശങ്ക അവഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു.ക്യാംപസ് ഹോസ്റ്റലുകളില്‍ സമയ നിയന്ത്രണം ഒഴിവാക്കേണ്ടതാണ്. പക്ഷേ, കേരളം അതിനു സജ്ജമായിട്ടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഗവ. മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ രാത്രി 9.30നു ശേഷം പ്രവേശനം ആകാമെന്നും എന്നാല്‍ പുറത്തിറങ്ങാന്‍ അനുമതി വേണമെന്നുമുള്ള സര്‍ക്കാര്‍ നിലപാട് ശരിവെച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഹോസ്റ്റലുകളുടെ വാതില്‍ എല്ലാ നേരത്തും തുറന്നിടണമെന്നു പറയുന്നില്ലെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാത്രി 9.30 വരെ പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനു ശേഷം പുറത്തു പോകാന്‍ അടിയന്തര ഘട്ടങ്ങളില്‍ വാര്‍ഡന്‍ അനുമതി നല്‍കണമെന്നും കുടുംബപരമോ വ്യക്തിപരമോ ആയ ആവശ്യങ്ങള്‍ക്കു രക്ഷിതാവിന്റെ അനുമതി ഹാജരാക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം ഉള്‍പ്പെടുത്തി ഉത്തരവു പുതുക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാം വര്‍ഷം മുതലാണ് ഇളവ് ബാധകം.













