പി വി അന്‍വര്‍ എം എല്‍ എ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തളളി.
പി വി അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന 22 ഏക്കറോളം വരുന്ന മിച്ച ഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്നും അടുത്ത ചൊവ്വാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്ങ്മൂലം നല്‍കണമെന്നും ജസ്റ്റിസ് രാജാ വിജയരാഘവന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.2017 ല്‍ അഞ്ച് മാസത്തിനുള്ളില്‍ പി വി അന്‍വറും കുടുംബവും കൈവശം വച്ചുകൊണ്ടിരിക്കുന്ന മിച്ച ഭൂമി തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ കോടതി നിര്‍ദേശം നടപ്പിലാകാതിരുന്നതിനെ തുടര്‍ന്നാണ് മലപ്പുറത്തുളള വിവരാവകാശ പ്രവര്‍ത്തകന്‍ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കിയത്.ലാന്‍ഡ് ബോര്‍ഡും ലാന്‍ഡ് കമ്മീഷണറും ഭൂമി തിരിച്ചെടുക്കണമെന്ന് സര്‍ക്കാരിലേക്ക് എഴുതിയിരുന്നു. അതിന് ശേഷം 2020 ലും ഹൈക്കോടതി അന്‍വറിന്റെ മിച്ച ഭൂമി പിടിച്ചെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.













