ടെസ്റ്റ് പര്യടനത്തില്‍നിന്ന് പൂജാരയേ ഒഴിവാക്കിയ ടീം മാനേജ്മന്‍റെ് തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ സ്പിന്നര്‍


ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പര്യടനത്തില്‍നിന്ന് മുതിര്‍ന്ന താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരെ ഒഴിവാക്കിയ ടീം മാനേജ്മന്‍റെ് തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ സ്പിന്നര്‍ ഹര്‍ഭജൻ സിങ്.ദക്ഷിണാഫ്രിക്കൻ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്ബര സ്വപ്നം കണ്ട ഇന്ത്യ, ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദയനീയമായാണ് പരാജയപ്പെട്ടത്. ഇന്നിങ്സിനും 32 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി.


രണ്ടു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ജനുവരി മൂന്നിന് കേപ്ടൗണിലാണ് രണ്ടാം ടെസ്റ്റ്. പൂജാരയും രഹാനെയും ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 2023ന്‍റെ തുടക്കത്തില്‍ വരെ ഇരുവരും ടീമിനൊപ്പം ഉണ്ടായിരുന്നു. ആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലിലാണ് പൂജാര അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. രഹാനെ വെസ്റ്റിൻഡീസ് പര്യടനത്തിലും. ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പില്‍ രണ്ടു മത്സരങ്ങളില്‍നിന്നായി രഹാനെ 94 റണ്‍സും പൂജാര 41 റണ്‍സും നേടിയിരുന്നു.


‘അജിങ്ക്യ രഹാനെയെ ടീമിലെടുത്തില്ല, ചേതേശ്വര്‍ പൂജാരയെ ഒരു കാരണവുമില്ലാതെ പുറത്താക്കി. എവിടെ പോയാലും റണ്‍സ് നേടുന്ന രണ്ടു താരങ്ങളാണ്. മുൻ റെക്കോഡ് പരിശോധിച്ചാല്‍ കോഹ്‌ലിയുടെ അതേ സംഭാവനയാണ് പൂജാരക്കുള്ളതെന്ന് മനസ്സിലാകും’ -ഹര്‍ഭജൻ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

പൂജാരയെ എന്തുകൊണ്ട് മാറ്റിനിര്‍ത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ടെസ്റ്റ് ക്രിക്കറ്റില്‍ പൂജാരയേക്കാള്‍ മികച്ചൊരു ബാറ്റര്‍ ഇന്നില്ല. അവൻ പതുക്കെയാണ് കളിക്കുന്നതെങ്കിലും ടീമിന്‍റെ രക്ഷകനാണ്, ഇന്ത്യ ആസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് ജയിച്ചത് അവൻ കാരണമാണെന്നും ഹര്‍ഭജൻ അഭിപ്രായപ്പെട്ടു. 2021-2023 ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് സര്‍ക്കിളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ് പൂജാര. 32.00 ശരാശരിയില്‍ 928 റണ്‍സാണ് താരം നേടിയത്. സൂപ്പര്‍താരം വിരാട് കോഹ്ലിയാണ് ഒന്നാമത്.



Sharing is Caring