തൃശൂർ പൂരത്തിലെ വിവാദ സർക്കുലർ തിരുത്തി വനംവകുപ്പ്

തൃശൂർ പൂരത്തിന് മുന്നോടിയായി ഇറക്കിയ വിവാദ സര്‍ക്കുലര്‍ തിരുത്തി വനംവകുപ്പ്. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിര്‍ദേശം പിന്‍വലിച്ചു. ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് തിരുത്ത്. തിരുത്തിയ സര്‍ക്കുലര്‍ വനംവകുപ്പ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

പൂരത്തിന് ആനയെഴുന്നള്ളിപ്പിന് കുരുക്കിടുന്ന സര്‍ക്കുലര്‍ വിവാദമായിരുന്നു. ആനയ്ക്ക് 50 മീറ്റര്‍ അടുത്തുവരെ ആളുകള്‍ നില്‍ക്കരുത്, അവയുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കങ്ങള്‍, താളമേളങ്ങള്‍ എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് വനംവകുപ്പ് സര്‍ക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ആന ഉടമകളുടെ സംഘടന.വിവാദ സര്‍ക്കുലര്‍ തിരുത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം വേഗത്തില്‍ തയ്യാറാക്കിയ സത്യവാങ്മൂലമാണ്.

പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കും. സര്‍ക്കുലറില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ ഉത്കണ്ഠ അറിയിച്ചു. ഉത്സവ പരിപാടികള്‍ ആചാരമനുസരിച്ച് നടത്തുന്നത് പ്രധാനമാണ്. ആനകളുടെ സംരക്ഷണവും ഉറപ്പാക്കുമെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *