കൊച്ചി: ഇന്ത്യയിലെ മോട്ടോര്‍സ്‌പോര്‍ട്‌സ് രംഗത്ത് വിപ്ലവകരമായ കുതിപ്പ് അടയാളപ്പെടുത്താന്‍ ഒരുങ്ങി സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗിന്റെ (ഐഎസ്ആര്‍എല്‍) ഉദ്ഘാടന സീസണ്‍. ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് ജനുവരി 28ന് പൂനെ ബലേവാഡിയിലെ മഹലുംഗെ ശ്രീശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സീസണിലെ ആദ്യ റേസ് മത്സരങ്ങള്‍ നടക്കും. ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പര്‍ക്രോസ് റേസിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍മാരെ ഒരുമിപ്പിക്കുന്ന ആദ്യ സീസണില്‍ ആറ് ഫ്രാഞ്ചൈസി ടീമുകള്‍ക്കായി 48 റൈഡര്‍മാരാണ് ട്രാക്കിലിറങ്ങുന്നത്. 100ലധികം റൈഡര്‍മാര്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പട്ടികയില്‍ നിന്നാണ് ടീമുകള്‍ താരങ്ങളെ കണ്ടെത്തിയത്.
450 സിസി ഇന്റര്‍നാഷണല്‍ റൈഡേര്‍സ്, 250 സിസി ഇന്റര്‍നാഷണല്‍ റൈഡേര്‍സ്, 250 സിസി ഇന്ത്യ-ഏഷ്യ മിക്‌സ്, 85 സിസി ജൂനിയര്‍ ക്ലാസ് എന്നിങ്ങനെ നാല് ആവേശകരമായ വിഭാഗങ്ങളിലായാണ് മത്സരം അരങ്ങേറുന്നത്. പൂനെക്ക് പുറമേ ഡല്‍ഹി, അഹമ്മദാബാദ് നഗരങ്ങളും ആദ്യ സീസണ്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ (എഫ്എംഎസ്‌സിഐ) അംഗീകാരത്തോടെയാണ് സിയറ്റ് ഐഎസ്ആര്‍എല്‍ സംഘടിപ്പിക്കുന്നത്.