ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്ബരയിലെ ഒന്നാം ഏകദിനം ഇന്ന് ഹൈദരാബാദില്‍

ഹൈദരാബാദ്: കാര്യവട്ടത്ത് ലോക റെക്കോഡ് ജയത്തോടെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്ബര തൂത്തുവാരിയതിനു പിന്നാലെ ഇന്ത്യന്‍ ടീമിന് വീണ്ടും ക്രിക്കറ്റ് നാളുകള്‍.

ന്യൂസിലന്‍ഡുമായി മൂന്നു മത്സര ഏകദിന പരമ്ബരയിലെ ആദ്യ കളി ബുധനാഴ്ച ഹൈദരാബാദില്‍ നടക്കും. രോഹിത് ശര്‍മ നയിക്കുന്ന ആതിഥേയ സംഘം ചില മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. പ്രമുഖരുടെ അഭാവം ടോം ലതാം ക്യാപ്റ്റനായ കിവിനിരയിലുമുണ്ട്.

പരിക്കേറ്റ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരെ ഇന്ത്യന്‍ സംഘത്തില്‍നിന്ന് ഒഴിവാക്കി. രജത് പാട്ടിദാറെയാണ് പകരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രേയസിന്റെ അഭാവം സൂര്യകുമാര്‍ യാദവിന് അവസരമൊരുക്കാനാണ് സാധ്യത. വ്യക്തിപരമായ കാരണങ്ങളാല്‍ കെ.എല്‍. രാഹുലും ടീമിലില്ല. ഇതോടെ ഇഷാന്‍ കിഷനെ പരിഗണിച്ചേക്കും. വിക്കറ്റ് കീപ്പറായ രാഹുലിനു പകരം ഗ്ലൗസണിയുന്ന ഇഷാനെ മധ്യനിരയില്‍ ഇറക്കുന്നതിനെക്കുറിച്ചാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. ബംഗ്ലാദേശിനെതിരെ നടന്ന അവസാന പരമ്ബരയില്‍ ഇരട്ട ശതകം നേടിയിട്ടും ശ്രീലങ്കക്കെതിരായ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിവന്ന താരമാണ് ഇഷാന്‍. രോഹിതിനൊപ്പം ഇന്നിങ്സ് ഓപണ്‍ ചെയ്ത ശുഭ്മന്‍ ഗില്‍ ശതകവും അര്‍ധശതകവുമടക്കം മൂന്നു മത്സരങ്ങളില്‍ 200ലധികം റണ്‍സ് സ്കോര്‍ ചെയ്തതോടെ സ്ഥാനം സുരക്ഷിതമാക്കി. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഉമ്രാന്‍ മാലികും ഉള്‍പ്പെടുന്ന പേസ് ബൗളിങ് നിരയും സ്പിന്നര്‍ കുല്‍ദീപ് യാദവും ഫോമിലാണ്. അക്സര്‍ പട്ടേല്‍ ടീമിലില്ലാത്തതിനാല്‍ ഹാര്‍ദിക് പാണ്ഡ്യക്കു പുറമെ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറും ഷഹബാസ് അഹമ്മദും അവസരം പ്രതീക്ഷിക്കുന്നുണ്ട്.

പരിചയസമ്ബന്നരായ നാലു പ്രമുഖരുടെ കുറവ് ന്യൂസിലന്‍ഡ് ടീമിനെ അലട്ടുന്നുണ്ട്. സ്ഥിരം നായകനും ബാറ്ററുമായ കെയ്ന്‍ വില്യംസണ്‍, പേസര്‍മാരായ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവരില്ലാതെയാണ് കിവികള്‍ എത്തിയിരിക്കുന്നത്.
ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന സ്പിന്നര്‍ ഇഷ് സോധിയും ഇന്നത്തെ മത്സരത്തില്‍ കളിക്കില്ലെന്ന് ക്യാപ്റ്റന്‍ ടോം ലതാം അറിയിച്ചു. മറ്റു മത്സരങ്ങള്‍ ജനുവരി 21ന് റായ്പുരിലും 24ന് ഇന്ദോറിലും നടക്കും. അതിനുശേഷം മൂന്നു മത്സര ട്വന്റി20 പരമ്ബരയിലും ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.

ടീം ഇവരില്‍നിന്ന്

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെ.എസ്. ഭരത്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഷാര്‍ദുല്‍ ഠാകുര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്.

ന്യൂസിലന്‍ഡ്: ടോം ലതാം (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ഡഗ് ബ്രേസ്‌വെല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മാര്‍ക്ക് ചാപ്‌മാന്‍, ഡെവണ്‍ കോണ്‍വേ, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ഡാരില്‍ മിച്ചല്‍, ഹെന്‍റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ഹെന്‍റി സോ ഷിപ്ലി, ബ്ലെയര്‍ ടിക്നര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *