ബ്രഹ്‌മപുരത്തെ തീയും പുകയും പൂര്‍ണമായി തന്നെ നിയന്ത്രണ വിധേയമായി


ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂര്‍ണമായിത്തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ എന്‍.കെ.എസ് ഉമേഷ്. പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ച് കഴിഞ്ഞ 10 ദിവസമായി തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ 7 സെക്ടറുകളില്‍ 5 സെക്റ്ററുകള്‍ കഴിഞ്ഞ ദിവസം തന്നെ പൂര്‍ണമായും നിയന്ത്രണവിധേയമായിരുന്നെന്ന് കളക്ടര്‍ പറഞ്ഞു.


ഇന്നലത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ എല്ലാ സെക്റ്ററുകളിലെയും തീയും പുകയും ഏറെക്കുറെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്നുതന്നെ പൂര്‍ണമായും പുക നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്.തീ അണഞ്ഞ ഭാഗങ്ങളില്‍ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാല്‍ നിരന്തര നിരീക്ഷണം നടത്തും.


ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തില്‍ അഗ്നിശമന ഉപകരണങ്ങള്‍ സജ്ജമായിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തീ അണച്ച കൂനകളില്‍ ചെറിയ രീതിയില്‍ പോലും പുക ഉയരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ പട്രോളിംഗ് സംഘം രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും.



Sharing is Caring