സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള സിപിഐ നേതൃ യോഗങ്ങള്‍ ഇന്ന് തുടങ്ങും


പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള സിപിഐ നേതൃ യോഗങ്ങള്‍ ഇന്ന് തുടങ്ങും. താല്‍ക്കാലിക സെക്രട്ടറി ബിനോയ് വിശ്വം തന്നെ സ്ഥിരം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടും. എന്നാല്‍ ബിനോയ് വിശ്വത്തെ താല്‍ക്കാലിക സെക്രട്ടറിയായി തിരഞ്ഞെടുത്ത രീതിക്കെതിരെ സംസ്ഥാന എക്‌സിക്യൂട്ടിവിലും കൗണ്‍സിലിലും വിമര്‍ശനം ഉയരും.കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങിന് തൊട്ടു പിന്നാലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വത്തെ താല്‍ക്കാലിക സെക്രട്ടറി ആയി തിരഞ്ഞെടുത്തത്.


3 മാസത്തെ അവധി ആവശ്യപെട്ടു നല്‍കിയ അപേക്ഷയില്‍ ബിനോയ് വിശ്വത്തിന് ചുമതല നല്‍കാവുന്നതാണന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഈ കത്ത് ആയുധമാക്കിയാണ് കാനത്തിന്റെ വിയോഗം സൃഷ്ടിച്ച വൈകാരിക അന്തരീക്ഷത്തില്‍ ബിനോയിയെ താല്‍ക്കാലിക സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതില്‍ പാര്‍ട്ടിയിലെ ഒരു ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.ഇന്ന് ചേരുന്ന എക്‌സിക്യൂട്ടീവിലും, നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സിലിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും.


പുതിയ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് മുഖ്യ അജണ്ടയാകുന്ന ഈ യോഗത്തില്‍ ബിനോയ് വിശ്വത്തിന് ഒപ്പം മറ്റ് പേരുകളും ഉയര്‍ത്തി കൊണ്ട് വരാനുള്ള നീക്കമുണ്ട്. മുതിര്‍ന്ന നേതാവ് കെ പ്രകാശ് ബാബുവിന് മേല്‍ മത്സരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കുന്ന നീക്കത്തിനില്ല എന്നാണ് പ്രകാശ് ബാബുവിന്റെ നിലപാട്.



Sharing is Caring