തിരുവനന്തപുരം മാറനല്ലൂരില്‍ ആസിഡ് ആക്രമണക്കേസിലെ പ്രതി സജികുമാര്‍ ആത്മഹത്യ ചെയ്ത സംഭവം സിപിഐ ജില്ലാ നേതൃത്വം അന്വേഷിക്കും. കാട്ടാക്കട മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ടംഗ സംഘമാണ് അന്വേഷണം നടത്തുക. കാട്ടാക്കട മണ്ഡലം സെക്രട്ടറിയോട് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. അതേസമയം, സജികുമാര്‍ ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച സുധീര്‍ഖാന്‍ ഇപ്പോഴും ചികിത്സയിലാണ്.
സജികുമാറും സുധീര്‍ഖാനും സിപിഐയുടെ നേതാക്കളായിരുന്നു.
നേരത്തെ തന്നെ വിവാദമായ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിന്റെയും ക്ഷീരണസഹകരണസംഘം ക്രമക്കേടിന്റെയും തുടര്‍ച്ചയായാണ് ആസിഡ് ആക്രമണവും ആത്മഹത്യയും എന്നാണ് പൊലീസ് നിഗമനം. സജികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു.














