രാജസ്ഥാനിലും നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്


പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മാറ്റി ചരണ്‍ജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയാക്കി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നാലെ രാജസ്ഥാനിലും മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. മന്ത്രിസഭാ പുനസംഘടന നടത്തണമെന്ന് മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു.


മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിന്റെ ഏകാഥിപത്യ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം അസ്വസ്ഥരാണ്. നേരത്തെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലേക്കും എത്തിയിരുന്നു. മുഖ്യസ്ഥാനത്തെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ സച്ചിന്‍ പൈലറ്റ് നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു. ഹൈക്കമാന്‍ഡിന്റെ ഇടപെടലിന് പിന്നാലെയാണ് പ്രശ്‌നം താല്‍കാലികമായി അവസാനിച്ചത്.


ഹൈക്കമാന്‍ഡിനെപോലും വകവെക്കാതെയാണ് ഗെഹലോട്ടിന്റെ പ്രവര്‍ത്തനമെന്ന പരാതി പാര്‍ട്ടിയില്‍ വീണ്ടും ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന സച്ചിന്‍പൈലറ്റ് വിഭാഗത്തിന് ലഭിക്കുന്നില്ലെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സച്ചിന്‍ പൈലറ്റിനെ അനുകൂലിക്കുന്ന വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

സംഘടനാ കാര്യങ്ങളില്‍ രാഹുല്‍ഗാന്ധി സ്വീകരിച്ചുവരുന്ന ശൈലി ആവര്‍ത്തിക്കപ്പെട്ടാല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിലും പഞ്ചാബ് ആഴര്‍ത്തിക്കുമെന്ന് ഉറപ്പാണ്. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ രാജി ഭീഷണിയില്‍ പോലും അനുനയ നീക്കം നടത്താതെയായിരുന്നു ഹരണ്‍ജിത് സിംഗ് ചന്നയെ മുഖ്യമന്ത്രിയാക്കിയത്.



Sharing is Caring