കൊല്ലം ഓയൂരില്‍ ആറ് വയസുകരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ വന്‍ട്വിസ്റ്റ്. നഴ്‌സിംഗ് അസോസിയേഷന്‍ ഭാരവാഹിയായ കുട്ടിയുടെ പിതാവും ചിലരുമായുള്ള സാമ്പത്തിക ഇടപാടാണെന്ന് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് സൂചന. നഴ്‌സിംഗ് അസോസിയേഷന്‍ ഭാരവാഹിയായ കുട്ടിയുടെ പിതാവ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി പലരുടെ കയ്യില്‍ നിന്നും പണം വാങ്ങിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ പണം നല്‍കിയവര്‍ നല്‍കിയ ക്വട്ടേഷനാണ് ഈ തട്ടിക്കൊണ്ട് പോകല്‍ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് വേണ്ടി നഴ്‌സിംഗ് അസോസിയേഷന്റെ പേരില്‍ പണം പിരിച്ചത് കുട്ടിയുടെ പിതാവാണെന്നാണ് സൂചന. ഇതിന്റെ പേരില്‍ നഴ്‌സിംഗ് അസോസിയേഷന്‍ ഭാരവാഹികളും പണം നല്‍കിയവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് കു്ട്ടിയെ തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.പൊലീസ് നേരത്തെ ഏതാണ്ട് മൂന്ന് മണിക്കൂര്‍ നേരം കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയില്ലന്നും സൂചനയുണ്ട്.
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ പണം നല്‍കിയവര്‍ പണം തിരിച്ചു ചോദിച്ചപ്പോള്‍ കുട്ടിയുടെ പിതാവ് അടക്കം ആരും പണം തിരിച്ചു നല്‍കുന്നതിന്റെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ തെയ്യാറായില്ല. ഇതേ തുടര്‍ന്നാണ് തട്ടിക്കൊണ്ട് പോകല്‍ ആസൂത്രണം ചെയ്തതത്രെ.ഇതിനായി പലതവണ തട്ടിക്കൊണ്ട് പോയവര്‍ ‘ ട്രയല്‍ റണ്‍ ‘ വരെ നടത്തിയെന്നാണ് അറിയുന്നത്. ഈ കുട്ടിയെ മാത്രം തട്ടിക്കൊണ്ട് പോകാന്‍ ഉദ്ദശിച്ചാണ് അവര്‍ വന്നതെന്നും വ്യക്തമായിട്ടുണ്ട്. സാധാരണ കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നവര്‍ കോടികളാണ് മോചന ദ്രവ്യമായി ചോദിക്കാറുള്ളത്. ഇവിടെ കേവലം അഞ്ച് ലക്ഷവും പത്ത് ലക്ഷവുമൊക്കെയാണ് ചോദിച്ചത്. അത് തന്നെ നേരത്തെ സംശയം ഉണര്‍ത്തിയിരുന്നു. കുട്ടിയുടെ പിതാവിനെ പൊലീസ് വിശദമായി വീണ്ടും ചോദ്യം ചെയ്യും എന്നാണ് അറിയുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.