കേരളവര്‍മ കോളജില്‍ റീ കൗണ്ടിങ്;ക്യാമ്പസില്‍ വന്‍ പൊലീസ് സുരക്ഷ ഉറപ്പാക്കും; വോട്ടെണ്ണല്‍ ക്യാമറയില്‍ പകര്‍ത്തും

തൃശൂര്‍ ശ്രീകേരളവര്‍മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ റീ കൗണ്ടിങ് മറ്റെന്നാള്‍ നടക്കും. രാവിലെ ഒന്‍പതിനു കൗണ്ടിങ് ആരംഭിക്കും. വിദ്യാര്‍ഥി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വന്‍ പൊലീസ് സുരക്ഷയുടെയും സിസിടിവികളുടെയും നിരീക്ഷണത്തിലായിരിക്കും റീ കൗണ്ടിങ് ആരംഭിക്കുക. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് വീണ്ടും വോട്ടെണ്ണുന്നത്.ചെയര്‍മാനായി എസ്.എഫ്.ഐയുടെ അനിരുദ്ധനെ തെരഞ്ഞടുത്തതു കോടതി റദ്ദാക്കിയിട്ടുണ്ട്. ആദ്യം വോട്ട് എണ്ണിയപ്പോള്‍ കെ.എസ്.യുവിലെ ശ്രീക്കുട്ടന് 896 ഉം എസ്.എഫ്.ഐയുടെ അനിരുദ്ധന് 895 ഉം വോട്ടാണ് ലഭിച്ചത്.

റീ കൗണ്ടിങ്ങില്‍ ശ്രീക്കുട്ടന്റെ വോട്ട് 890 ആയി കുറഞ്ഞു. അനിരുദ്ധന്റെ വോട്ട് 899 ആയി ഉയര്‍ന്നു. അസാധുവായ വോട്ടുകളുടെ എണ്ണം 23ല്‍നിന്ന് 27 ഉം ആയി. റീ കൗണ്ടിങ്ങില്‍ ക്രമക്കേടുണ്ടായെന്ന് ആരോപിച്ചാണ് കെ.എസ്.യു. ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം, എസ്എഫ്ഐ. ഇരുട്ടിലും സൈ്വര്യവിഹാരം നടത്തുന്ന കേരള വര്‍മ്മ കോളജില്‍ വോട്ടുകളില്‍ കൃത്രിമം നടക്കുമെന്നില്‍ തര്‍ക്കമില്ലെന്നു കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍.

ബാലറ്റ് പേപ്പറുകള്‍ ഇത്രയും ദിവസങ്ങളായിട്ടും കോളജില്‍തന്നെയായിരുന്നു സൂക്ഷിച്ചിരുന്നു എന്നത് ഏതു തരത്തിലുള്ള ക്രമക്കേടിനും ഇടവരുത്തുന്നതാണ്. 48 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് കോളജിലെ സ്ട്രോങ്ങ് റൂമിലേക്ക് ബാലറ്റ് പേപ്പര്‍ മാറ്റിയത്. തുടര്‍ന്നു ട്രഷറിയിലേക്ക് ബാലറ്റ് ഉള്‍പ്പെടെ ഉള്ളവ മാറ്റി. കോടതി ആവശ്യപ്പെട്ട രേഖകള്‍ എടുക്കുന്നതിനായി കോളജിലേക്ക് കൊണ്ടുവന്ന രേഖകള്‍ തിരികെ ട്രഷറിയിലേക്ക് കൊണ്ടുപോയിട്ടില്ല.

റീ കൗണ്ടിങ് എത്ര സുതാര്യമായി നടത്തണമെന്ന് ആവശ്യപ്പെട്ടാലും അതിനുള്ള സാഹചര്യം കോളജില്‍ ഉണ്ടെന്നു കെ.എസ്.യു. കരുതുന്നില്ല. ഈ സാഹചര്യത്തില്‍ കെ.എസ്.യുവിനും കേരള വര്‍മ്മയിലെ വിദ്യാര്‍ഥികള്‍ക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും റീ കൗണ്ടിങ്ങില്‍ വിശ്വാസമില്ലെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *