പുതിയ അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 6 വയസ്സാക്കണമെന്നു നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു. പ്രവേശന മാര്‍ഗരേഖ മാറ്റം വരുത്തി പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ നിര്‍ദേശം കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണു പുതിയ കത്ത്. ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്നതു ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിര്‍ദേശമാണ്. 14 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങള്‍ പ്രായപരിധി 6 ആക്കിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് 3-6 വയസ്സ് നഴ്‌സറി, കെജി തലമാണ്.














